ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു .
മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും. 

പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം...  അങ്ങനെ പലതും. മക്കൾക്ക് പൂർണ്ണമായും തങ്ങളുടെ വലിയ പിതാക്കളെപ്പോലെയാകാൻ സാധിച്ചുകൊള്ളണമെന്നില്ല. എന്നാൽ തന്റെ വിന്ദ്യ പിതാവിന്റെ വ്യക്തിത്വത്തിന്റെ ചില വശങ്ങൾ സ്വാഭാവികമായും ഷാനവാസിൽ നിഴലിച്ചുകണ്ടു. 

ഷാനവാസിനെ ആദ്യമായി കണ്ടത് വർഷങ്ങൾക്ക് മുമ്പൊരിക്കൽ അബൂദാബിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ചെന്നപ്പോൾ ഞാൻ താമസിക്കുന്ന ഹോട്ടലിൽ തന്റെ സുഹൃത്തുക്കളോടൊപ്പം അദ്ദേഹം കാണാൻ വന്നപ്പോഴായിരുന്നു. അന്ന് സിനിമയിൽ അദ്ദേഹം തിരക്കുള്ള സാന്നിദ്ധ്യമായിരുന്നു' പിന്നീട് പലപ്പോഴും ഞങ്ങൾ കണ്ടുമുട്ടി. രോഗാവസ്ഥയിലായിരിക്കെ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് അദ്ദേഹത്തെ കാണാനും അവസരമുണ്ടായി. എപ്പോൾ പരസ്പരം കണ്ടാലും അധികവും സംസാരിക്കാറുണ്ടായിരുന്നത് അദ്ദേഹത്തിൻ്റെ വന്ദ്യ പിതാവുമായുള്ള എൻ്റെ ബന്ധത്തെയും ഞങ്ങളുടെ കൂടിക്കാഴ്ചകളെയും സംബന്ധിച്ചായിരുന്നു. ചിറയിൻകീഴിലെ പ്രേംനസീറിന്റെ വസതിയിൽ സഹോദരീഭർത്താവായ തലേക്കുന്നിൽ ബഷീറിനോടൊപ്പം പോയത് എനിക്ക് സുപ്രധാനമായൊരു ഓർമ്മയാണ്. അടുത്ത കാലത്ത് ആ വീടിനെ സംബന്ധിച്ച് ഒരു കാര്യവുമില്ലാതെ സോഷ്യൽ മീഡിയയിൽ ചിലർ ഉന്നയിക്കാൻ ശ്രമിച്ചതും ഫലിക്കാതെ പൊയതുമായ വിവാദവും ഒരിക്കൽ ഞങ്ങളുടെ  സംഭാഷണത്തിൽ വിഷയമായി. പ്രേംനസീർ എന്നപോലെ അദ്ദേഹത്തിൻ്റെ മക്കളും മാന്യമായ ജീവിതമാണ് നയിച്ചതും നയിക്കുന്നതും. വിവാദങ്ങളിൽ നിന്നെല്ലാം അവർ അകന്നുനിന്നു. പ്രേംനസീറിന്റെ മകൾ റീത്തയുമായും പൗത്രി ജാസ്മിനുമായുമെല്ലാം സംസാരിച്ചപ്പോഴെല്ലാം ഷാനവാസിനോട് കുടുംബാംഗങ്ങൾക്കുള്ള സ്നേഹമാണ് അനുഭവപ്പെട്ടത്. 

രോഗം കാരണമായുള്ള അവശതയിലായിരുന്നപ്പോഴും ഷാനവാസിന്റെ മനസ്സ്  സജീവതയും ഉണർവും നിലനിർത്തി. രോഗത്തിനടിയിൽ കാണാൻ ചെന്നപ്പോഴും കസേരയിലിരുന്ന് ദീർഘമായി സംസാരിക്കാൻ അദ്ദേഹം പ്രയാസമോ മടിയോ കാണിച്ചില്ല. രോഗകാലത്തുടനീളം ഭാര്യയും കുട്ടികളും കൂടെത്തന്നെ നിന്ന് അദ്ദേഹത്തെ സ്നേഹപൂർവ്വം ശുശ്രൂഷിക്കുകയും ചെയ്തു. 

ഞങ്ങൾ കാണുമ്പോഴൊക്കെ  അത്ഭുതത്തോടെയും കൗതുകത്തോടെയും അനുസ്മരിക്കുമായിരുന്ന ഒരു സംഭവമുണ്ട്. ഞാനൊരിക്കൽ മലയാളി  സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ച് പ്രഭാഷണം നിർവഹിക്കാൻ മലേഷ്യയിൽ പോയി. ക്വാലലമ്പൂരിലെ ഹോട്ടലിൽ ഒരു രാത്രി പ്രേംനസീറിനെ സ്വപ്നത്തിൽ കണ്ടു. ആലുവയിലെ ഒരു വീട്ടിൽ അദ്ദേഹത്തോടൊപ്പം ഏകദേശം ഒരു പകൽ മുഴുവൻ ചെലവഴിച്ചതിന്‍റെ രംഗങ്ങളാണ് സ്വപ്നത്തിൽ കണ്ടത്. കാലത്ത് പ്രാർത്ഥനയും മറ്റും കഴിഞ്ഞ് എന്തേ ഇങ്ങനെ ഇപ്പോൾ ഒരു സ്വപ്നം എന്ന് ചിന്തിച്ചിരിക്കുമ്പോഴുണ്ട് ഒരാൾ വാതിലിൽ മുട്ടുന്നു. തുറന്നു നോക്കിയപ്പോഴുണ്ട് ഒരു ചെറുപ്പക്കാരൻ പുഞ്ചിരിച്ചു നിൽക്കുന്നു. ആരാണ്? എന്താണ്? എന്ന് ചോദിക്കുമ്പോഴേക്ക് ആഗതൻ പറയാൻ തുടങ്ങി: "എന്നെ ഉമ്മ പറഞ്ഞയച്ചതാണ്. നിങ്ങളെ കാണാൻ. ഞങ്ങളുടെ വീട്ടിൽ വന്ന് അവിടെ ഞങ്ങൾ ഒരുക്കുന്ന സദസ്സിൽ  സമദാനി സാഹിബ് പ്രസംഗിക്കുമോ എന്ന് ഉമ്മ ചോദിക്കുന്നു". അതിശയിച്ചുനിന്ന ഞാൻ ചോദിച്ചു: "വീട്ടിൽ അല്ലല്ലോ ആരും പ്രസംഗിക്കാറ്,  നിങ്ങളുടെ ഉമ്മ ആരാണ്? നിങ്ങൾ ആരാണ്?" ആഗതനായ യുവാവ് പറഞ്ഞു: "എൻ്റെ ഉമ്മ പ്രേംനസീറിൻ്റെ  പെങ്ങളാണ്. ഞങ്ങളുടെ വീട് ഇവിടെ അടുത്താണ്. നിങ്ങളെ വീട്ടിലേക്ക് ക്ഷണിക്കാനാണ് ഉമ്മ എന്നെ പറഞ്ഞയച്ചത് ". ഞാനാകെ സ്തംഭിച്ചുപോയി. രാത്രി കണ്ട കിനാവിന്റെ പൊരുളറിയാതെ ശങ്കിച്ചുനിന്ന എനിക്ക് അതിൻ്റെ അർത്ഥവും സന്ദേശവും പെട്ടെന്ന് മനസ്സിലായി. 

വൈകുന്നേരം തിരിച്ചുവന്ന ചെറുപ്പക്കാരൻ എന്നെ ആ വീട്ടിൽ കൊണ്ടുപോയി. പ്രേംനസീറിൻ്റെ മൂത്ത സഹോദരിയാണവർ. ആങ്ങളയുടെ അതേ മുഖവും അതേ സുസ്മിതവും. അവരുടെ മുറ്റത്ത് വട്ടത്തിലിരുന്ന് അവിടെക്കൂടിയവരോട് അല്പം സംസാരിക്കുകയും ചെയ്തു. പ്രേംനസീറിൻ്റെ പെങ്ങളുടെ സൽക്കാരത്തെക്കാൾ അവരുടെ സ്നേഹവും ആതിഥ്യവുമാണ് എൻ്റെ മനസ്സിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നത്. തന്റെ ഈ പെങ്ങളായ സുലൈഖ അബ്ദുൽ ലത്തീഫിൻ്റെ മകൾ ആയിഷയെ തന്നെയാണ് പ്രേംനസീർ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. അതിനാൽ ഷാനവാസിനെ കാണാൻ പോകുമ്പോഴെല്ലാം എൻ്റെ സ്വപ്നവും പിറകെ പുലർന്ന യാഥാർത്ഥ്യവും അതിലെ കഥാപാത്രമായ ചെറുപ്പക്കാരനും ഞങ്ങളുടെ തമാശ നിറഞ്ഞ സംഭാഷണങ്ങൾക്ക് വിഷയമായിത്തീരുമായിരുന്നു. 

പ്രേംനസീറിന്റെയോ ഷാനവാസിന്റെയോ ചലച്ചിത്ര മണ്ഡലങ്ങളല്ല എന്നെ എപ്പോഴും ആകർഷിച്ചത്. സിനിമ എനിക്ക് താല്പര്യമുള്ള മേഖലയോ എനിക്ക് ബന്ധപ്പെട്ടതോ  അല്ലതാനും. എൻ്റെ മനസ്സിൽ എപ്പോഴും പ്രേംനസീർ ആപാദചൂഢം ബഹുമാന്യനായ വലിയൊരു മനുഷ്യനാണ്, ഒട്ടേറെ സൽഗുണങ്ങൾ നിറഞ്ഞ അപൂർവ്വത്തിൽ അപൂർവ്വമായ വ്യക്തിത്വം. തലേക്കുന്നിൽ ബഷീർ ആവശ്യപ്പെട്ടതനുസരിച്ച് ഒരിക്കൽ പ്രേംനസീർ സ്മരണികയിൽ എഴുതിയ ലേഖനത്തിന്റെ ശീർഷകത്തിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'ജെൻ്റ്ൽമാൻ' എന്നാണ്. അദ്ദേഹത്തിൻ്റെ മകനും മാന്യനായിരുന്നു. മക്കളെ സിനിമയുമായി ബന്ധപ്പെടുത്തുന്നതിൽ ഒട്ടും താല്പര്യമില്ലാത്ത പിതാവായിരുന്നു പ്രേംനസീർ. ഷാനവാസിൻ്റെ ഇഷ്ടം കൊണ്ടും നിർബന്ധം കൊണ്ടുമാണ് അദ്ദേഹം സിനിമയിലെത്തുന്നത്. സിനിമയേക്കാൾ ജീവിതവും അതിലെ നന്മകളുമായിരുന്നു തൻ്റെ കാര്യത്തിലും മറ്റുള്ളവരുടെ കാര്യത്തിലും പ്രേംനസീർ പ്രധാനമായി കണ്ടത്. പക്ഷെ, ഷാനവാസ് സിനിമയിലെത്തി. ആ രംഗത്ത് പിതാവിനെപ്പോലെ ശോഭിക്കാൻ കഴിഞ്ഞില്ലെങ്കിലും വന്ദ്യ പിതാവിൻ്റെ പ്രതിച്ഛായയായി മലയാളികൾ അദ്ദേഹത്തെ ഓർക്കുകതന്നെ ചെയ്യും. 

കാരുണ്യവാനായ സർവ്വശക്തൻ മഗ്ഫിറത്ത്  നൽകട്ടെ.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്