ജനങ്ങളെ സുഖിപ്പിക്കാനുള്ള മോദിയുടെ കള്ളക്കളി പൊളിഞ്ഞു; പ്രഖ്യാപിച്ച പദ്ധതികള്‍ പലതും നേരത്തെ നടപ്പിലാക്കിയത്
ദില്ലി: പുതുവര്‍ഷത്തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും നേരത്തെ നടപ്പിലാക്കിയ പദ്ധതികളും പദ്ധതി ഭേദഗതികളുമാണെന്ന് രേഖകള്‍. ഗര്‍ഭിണികള്‍ക്കു വേണ്ടി പ്രധാനമന്ത്രി പ്രഖ്യാപിച്ച 6000 രൂപ ധനസഹായം നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുളളതാണ്. രാജ്യത്തെ 53 ജില്ലകളില്‍ അര്‍ഹരായവര്‍ക്ക് 4000 രൂപ വീതം നല്‍കുന്ന പദ്ധതി തുക വര്‍ധിപ്പിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
53 ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പദ്ധതി നേരത്തെ നടപ്പിലാക്കിയത്. ഇത് പ്രസംഗത്തില്‍ പ്രദാനമന്ത്രി പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ദിര ഗാന്ധി മാതൃത്വ സഹയോഗ് യോജന എന്ന ഈ പദ്ധതി യുപിഎ സര്‍ക്കാറിന്റെ കാലത്ത് 2010ലാണ് നടപ്പാക്കിയത്. തുടക്കത്തില്‍ 4,000 രൂപയായിരുന്നത് പിന്നീട് 6,000 ആയി വര്‍ധിപ്പിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വേണ്ടത്ര പ്രയോജനകരമല്ലാത്തതിനാല്‍ റുപെ ഡെബിറ്റ് കാര്‍ഡുമായി സംയോജിപ്പിക്കാനുള്ള പദ്ധതി ആഴ്ചകള്‍ക്കുമുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചതാണ്.
ഇന്ത്യയിലെ 650 ജില്ലയിലെ ഗര്‍ഭിണികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 6000 രൂപാ ധനസഹായമായി നല്‍കും. ഇത് അതത് ഗര്‍ഭിണികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് സര്‍ക്കാര്‍ നല്‍കുകയെന്നായിരുന്നു ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.
പാവപ്പെട്ടവര്‍ക്കുള്ള ഭവന വായ്പയില്‍ പലിശയിളവ് നേരത്തേയുണ്ട്. അര്‍ഹതാഗണം പുനര്‍നിശ്ചയിക്കുകയാണ് ഇപ്പോള്‍ ചെയ്തത്. നബാര്‍ഡ് 20,000 കോടി രൂപ പ്രാഥമിക, ജില്ല ബാങ്കുകള്‍ക്ക് നല്‍കാനുള്ള തീരുമാനവും ധനമന്ത്രി വെളിപ്പെടുത്തിയതാണ്. റാബി വിളക്ക് വായ്പയെടുത്ത കര്‍ഷകരുടെ വായ്പാ തിരിച്ചടവ് രണ്ടു മാസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. ഫലത്തില്‍ രണ്ടു മാസത്തേക്ക് പലിശ ഈടാക്കാനാവില്ല. റാബി സീസണിലേക്ക് വിളവായ്പയെടുത്ത കര്‍ഷകര്‍ക്ക് 60 ദിവസത്തെ പലിശയൊഴിവ് നല്‍കുമെന്ന പ്രഖ്യാപനം പൊള്ളയായി മാറുന്നു. ചെറുകിട ബിസിനസുകാര്‍ക്കുള്ള ആദായനികുതി ഇളവ്, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപ പലിശ എന്നിവ നേടുന്നതാകട്ടെ ശ്രമകരമാണ്.
നോട്ട് ദുരിതം തീരാന്‍ ആവശ്യപ്പെട്ട 50 ദിവസം ഡിസംബര്‍ 30ന് പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ ഇന്നലെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. എന്നാല്‍ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണത്തെക്കുറിച്ച് പരാമര്‍ശിക്കാതെ പൊതുബജറ്റിന് സമാനമായ പ്രഖ്യാപനങ്ങളാണ് ഇന്നലെ നടന്നതെന്ന വ്യാപക വിമര്‍ശനവും പിന്നാലെ ഉയര്‍ന്നിരുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..