കുടിവെള്ള വിതരണം: പഞ്ചായത്തുകള്‍ക്ക് തനതു ഫണ്ട് വിനിയോഗിക്കാന്‍ അനുമതി നല്‍കും- മന്ത്രി കെ.ടി. ജലീല്‍
Kerala news
രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനതു ഫണ്ട് വിനിയോഗിച്ച് കുടിവെള്ള വിതരണം നടത്തുന്നതിനും കുടിവെള്ള സ്രോതസ്സുകളുടെ റിപ്പയറിങിനും പ്രത്യേക അനുമതി നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ.കെ.ടി. ജലീല്‍ അറിയിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന വരള്‍ച്ചാ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനപ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കിണറുകള്‍, കുഴല്‍ കിണറുകള്‍, ചെറുകിട കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവ റിപ്പയര്‍ ചെയ്യുന്നതിനും ടാങ്കര്‍ ലോറികളിലും മറ്റും കുടിവെള്ള വിതരണം നടത്തുന്നതിനും പഞ്ചായത്തുകള്‍ക്ക് സ്വന്തം ഫണ്ട് ചെലവഴിക്കാന്‍ അനുമതി നല്‍കുന്ന കാര്യമാണ് പരിഗണിക്കുന്നത്. ബുധനാഴ്ച ചേരുന്ന സംസ്ഥാനതല കോഡിനേഷന്‍ കമ്മിറ്റിയില്‍ തന്നെ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. വിതരണ ശൃംഖലയുടെ പണി പൂര്‍ത്തിയാകാത്തതിന്റെ പേരില്‍ കെട്ടിക്കിടക്കുന്ന ജല അതോറിറ്റിയുടെ ജലസംഭരണികളില്‍ നിന്ന് വെള്ളം ശേഖരിച്ച് വിതരണം ചെയ്യാനും പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം പരിശോധിക്കും. ഭാഗികമായി പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതികളില്‍ സാധ്യമായത്ര പേര്‍ക്ക് പരമാവധി വേഗത്തില്‍ കണക്ഷന്‍ നല്‍കുന്നതിന് ജല അതോറിറ്റി മുന്‍കയ്യെടുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിന്റെ പേരില്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്ക് എത്രയും പെട്ടെന്ന് കണക്ഷന്‍ നല്‍കി പദ്ധതി യാഥാര്‍ഥ്യമാക്കണം. വരള്‍ച്ചാ കാലത്തെ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ താത്ക്കാലിക ജീവനക്കാരെ നിയമിക്കുകയോ മറ്റ് സംവിധാനങ്ങള്‍ ഒരുക്കുകയോ ചെയ്യുന്നതിന് വാട്ടര്‍ അതോറിറ്റി മുന്‍കയ്യെടുക്കണം. ജില്ലാ കലക്ടറുടെ വരള്‍ച്ചാ ദുരിതാശ്വസ ഫണ്ടിലേക്ക് ലഭിക്കുന്ന തുക മുഴുവന്‍ പഞ്ചായത്തുകള്‍ക്കും വീതിച്ച് നല്‍കാന്‍ യോഗത്തില്‍ ധാരണയായി. കുടിവെള്ള ക്ഷാമം രൂക്ഷമായ പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ തുക നല്‍കും. ജില്ലാതലത്തില്‍ കേന്ദ്രീകൃതമായി ഫണ്ട് വിനിയോഗിക്കുന്നതിനെക്കാള്‍ ഫലപ്രദം തദ്ദേശ സ്ഥാപനങ്ങള്‍ വഴി ചെലവഴിക്കുന്നതാണെന്ന് അവലോകന യോഗം വിലയിരുത്തി. ആദ്യഘട്ടമായി ലഭിച്ച 50 ലക്ഷം രൂപ പഞ്ചായത്തുകള്‍ക്ക് വിതരണം ചെയ്യും. വരള്‍ച്ച നേരിടുന്നതിന് വകുപ്പുകള്‍ ഒരുമയോടെ പ്രവര്‍ത്തിക്കണമെന്നും ജനങ്ങള്‍ വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. അടുത്ത വര്‍ഷമെങ്കിലും മഴക്കാലത്ത് ജലം സംഭരിക്കുന്നതിനുള്ള ബോധവത്ക്കരണം ഇപ്പോഴേ നടത്തണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..