കോപ്പിയടിച്ചെന്നാരോപിച്ച് മാനേജ്‌മെന്റ് മാനസികമായി പീഡിപ്പിച്ചതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ഹത്യ നടന്ന പാമ്പാടി നെഹ്രു കോളേജില്‍ തിങ്കളാഴ്ച്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനം. എല്ലാ വിദ്യാര്‍ത്ഥി യൂണിയനുകളും സംയുക്തമായി സംസ്ഥാന നേതാക്കളേയും മറ്റും പങ്കെടുപ്പിച്ച് തിരുവനന്തപുരം ലോ അക്കാദമി മോഡല്‍ സമരത്തിനാണ് നീക്കം. വ്യാഴാഴ്ച്ച വിദ്യാര്‍ത്ഥി സംഘടനയുമായി മാനേജ്മെന്റ് ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വെള്ളിയാഴ്ച്ച രാവിലെയായപ്പോഴേക്കും മാനേജ്മെന്റ് അട്ടിമറിച്ചിരുന്നു.
ഇത്തരമൊരു കരാറില്‍ ചിലര്‍ പ്രിന്‍സിപ്പലിനെകൊണ്ട് മനഃപൂര്‍വ്വം ഒപ്പിടുവിച്ചതാണെന്നും അത്തരമൊരു കരാര്‍ നിലവിലില്ലെന്നുമാണ് മാനേജ്മെന്റ്ിന്റെ വാദം. ഇതില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ മുതല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജ് ഉപരോധിച്ച് സമരം നടത്തിവരികയായിരുന്നു. വൈകുന്നേരമായിട്ടും തീരുമാനം ആവാത്തതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച്ച മുതല്‍ അനിശ്ചിതകാല സമരത്തിന് വിദ്യാര്‍ത്ഥി സംഘടനകള്‍ തീരുമാനമെടുത്തത്.
ഇന്നു രാവിലെ പത്തരയോടെയാണ് വിദ്യാര്‍ത്ഥികള്‍ കോളേജ് ഗേറ്റ് ഉപരോധിച്ച് സമരം തുടങ്ങിയത്. വ്യാഴാഴ്ച്ച മാനേജ്മെന്റ് നിര്‍ദ്ദേശപ്രകാരം പ്രിന്‍സിപ്പല്‍ ഒപ്പിട്ടുനല്‍കിയ സര്‍ക്കുലര്‍ പ്രകാരം വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ വിളിച്ച് ഇന്നുരാവിലെ നടത്തേണ്ടിയിരുന്ന പിടിഎ മീറ്റീങ് മാനേജ്മെന്റ് റദ്ദാക്കി. രാവിലെ ഈ യോഗത്തിനു പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ത്ഥി നേതാക്കളെ സെക്യൂരിറ്റി ഗേറ്റില്‍ തടഞ്ഞു. തുടര്‍ന്നാണ് കോളേജില്‍ സമരത്തിനു തുടക്കമായത്.
രാവിലെ കോളേജില്‍ നടക്കേണ്ട രണ്ടാം വര്‍ഷ ബിഫാം സപ്ലിമെന്ററി പരീക്ഷയുടെ സെന്റര്‍ അപ്രതീക്ഷമായി പൊള്ളാച്ചിക്ക് അടുത്തുള്ള കോളേജിലേക്ക് മാറ്റിയതു മൂലം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതെവന്നു. സെന്റര്‍ മാറ്റാനുള്ള തീരുമാനം വ്യാഴാഴ്ച്ച രാത്രിയോടെയാണ് ഉണ്ടായത്. വെള്ളിയാഴ്ച്ച കോളേജില്‍ പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ ഗേറ്റില്‍ നോട്ടീസ് ഒട്ടിച്ചതു കണ്ടാണ് പരീക്ഷ സെന്റര്‍ മാറിയ വിവരം അറിഞ്ഞത്.
തിങ്കളാഴ്ച്ച നടക്കുന്ന ഒന്നാം വര്‍ഷ ഡിഫാം സപ്ലിമെന്റി പരീക്ഷയും വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിന്റെ ഹാള്‍ ടിക്കറ്റും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടില്ല. യൂണിവേഴ്സിറ്റിയില്‍ നിന്നും കോളേജിലെക്ക് അയച്ച ഹാള്‍ ടിക്കറ്റ് കോളേജ് അധിക്യതര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അതേസമയം, വിദ്യാര്‍ത്ഥികളുടെ ഹാള്‍ ടിക്കറ്റ് കോളേജിലേക്ക് അയച്ചതായും പ്രിന്‍സിപ്പലിന്റേയും മറ്റും ഒപ്പ് കിട്ടിയാല്‍ വെബ്‌സൈറ്റ് ഡൗണ്‍ലോഡ് ചെയ്തു എടുക്കാമെന്നുമാണ് ഇതുസംബന്ധിച്ചുള്ള ചോദ്യത്തിന് ആരോഗ്യ സര്‍വ്വകലാശാലയുടെ മറുപടി.
എന്നാല്‍ ഒരു വിദ്യാര്‍ത്ഥിയേയും ഇന്ന് കോളേജിനകത്തേക്ക് അധികൃതര്‍ പ്രവേശിപ്പിച്ചില്ല. പഴയന്നൂര്‍ എസ്‌ഐയുടേയും വടക്കാഞ്ചേരി സിഐയുടേയും നേത്യത്വത്തിലുള്ള വലിയ പൊലിസ് സംഘം വിദ്യാര്‍ത്ഥികളെ തടയുകയായിരുന്നു. കോളേജിനു സുരക്ഷ നല്‍കാന്‍ ഹൈക്കോടതി പറഞ്ഞതിനാല്‍ മാനേജ്മെന്റിന്റെ സമ്മതമില്ലാതെ ആരേയും അകത്തേക്കു പ്രവേശിപ്പിക്കില്ല എന്നായിരുന്നു പൊലിസ് നിലപാട്. ഹാള്‍ ടിക്കറ്റ് കോളേജ് അധിക്യതര്‍ നല്‍കാത്തതിനെ തുടര്‍ന്ന് അമ്പതിലധികം വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച്ച പരീക്ഷ എഴുതാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
കോളേജിന്റെ സുരക്ഷാ പ്രശ്നങ്ങള്‍ മൂലം പരീക്ഷാ സെന്റര്‍ മാറ്റിയതെന്നാണ് മാനേജ്മെന്റ് വിശദീകരണം. എന്നാല്‍ രണ്ടുദിവസം മുമ്പ് ഇതെ ഫാര്‍മസി കോളേജില്‍ സപ്ലിമെന്ററി പരീക്ഷ നടന്നിരുന്നു. നെഹ്രു കോളേജ് കാമ്പസിനകത്താണ് ഫാര്‍മസി കോളേജും എഞ്ചിനീയറിങ് കോളേജും പ്രവര്‍ത്തിക്കുന്നത്. എഞ്ചിനീയറിങ് കോളേജില്‍ ഇന്നു കൂടെ പരീക്ഷ നടന്നിരുന്നു. ഫാര്‍മസി കോളേജില്‍ നടത്തേണ്ട പരീക്ഷ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു കോളേജിലേക്ക് മാറ്റിയതും വിദ്യാര്‍ത്ഥികള്‍ക്ക് കാണിക്കുന്ന മാനേജ്മെന്റിന്റെ പ്രതികാര നടപടിയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
അതേസമയം വിദ്യാര്‍ത്ഥികളുടെ ഹാള്‍ ടിക്കറ്റ് തടഞ്ഞുവച്ച നടപടിയില്‍ ആരോഗ്യ സര്‍വ്വകലാശാല നെഹ്രു കോളേജിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വൈകീട്ടുവരെ നടന്ന സമരത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെ ചര്‍ച്ചയ്‌ക്കെന്നു പറഞ്ഞ് കോളേജ് അധിക്യതര്‍ അകത്തേക്കു വിളിപ്പിച്ചെങ്കിലും ഒന്നും പറയാതെ ഇറക്കിവിടുകയായിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സംയുക്തമായി തിങ്കളാഴ്ച്ച മുതല്‍ സമരം തുടങ്ങാന്‍ തീരുമാനമെടുത്തത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..